Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Sunday, September 16, 2012

പ്രതിബിംബങ്ങള്‍



അയാള്‍ ആ കണ്ണാടി നോക്കി പറഞ്ഞുനിന്നെയാണു ഞാന്‍ ഏറ്റവും കൂടുതല്‍ പ്രണയിക്കുന്നത്. കണ്ണാടി അയാളെ നോക്കി പല്ലിളിച്ചു “നിന്നെയാണ് ഞാന്‍ ഏറ്റവും വെറുക്കുന്നത്”. ഒരു പ്രഹരമായിരുന്നു മറുപടി. തകര്‍ന്നു വീഴുന്ന  കണ്ണാടിച്ചില്ലുകള്‍ കലപില ശബ്ദത്തില്‍ ചിരിച്ചുകൊണ്ട് മൊഴിഞ്ഞു “നീ നിന്നെ തന്നെയാണ് കൂടുതല്‍ വികൃതമാക്കുന്നത്”. ദേഷ്യം വന്ന അയാള്‍ ആ ചില്ലുകള്‍  ചൂലുകൊണ്ട് അടിച്ച് കൂട്ടി പുറത്തേക്ക് എറിഞ്ഞു. തല്‍സ്ഥാനത്ത്‌ ഒരു പുതിയ കണ്ണാടി വെച്ചു. കറുത്ത പെയ്ന്‍റ് അടിച്ച ഒരു കണ്ണാടി. ഒന്നും പ്രതിഫലിപ്പിക്കാത്ത ഒരു കണ്ണാടി. അപ്പോഴും കുപ്പിച്ചില്ല് കൊണ്ട് മുറിഞ്ഞ അയാളുടെ കയ്യില്‍ നിന്ന് ചോര ധാര ധാരയായി ഒഴുകുന്നുണ്ടായിരുന്നു.

Thursday, June 10, 2010

കറുപ്പും വെളുപ്പും:

"കറുപ്പന്‍... "
ഏന്തോ ആ വിളി എനിക്കിഷ്ടപ്പെട്ടില്ല.
കറുപ്പിനോടെനിക്കു വെറുപ്പു തോന്നി.
കറുപ്പു മാറ്റാന്‍ ഞാന്‍ ചായം തേച്ചു.
നല്ല വെളുത്ത ചായം.
പുറം മോടിയുടെ സുഗന്ധമുള്ള ചായം.
അങ്ങനെ ഞാനും വെളുത്തവനായി.
സ്വപ്ന വര്‍ണങ്ങളുടെ വെന്‍മ...
നിറങ്ങള്‍ വഴി നിര്‍ണയിക്കുന്ന ലോകം
എന്നെ നോക്കി പുഞ്ചിരിച്ചു
വര്‍ണ രാജകന്‍മാരുടെ ഈണങ്ങള്‍ക്കനുസരിച്ച്‌
ഞാന്‍ ചൊല്ലിയാടി...
പക്ഷേ ഇപ്പോള്‍ ചായം പതുക്കെ
ഒലിച്ചിറങ്ങാന്‍ തുടങ്ങിയിരിക്കുനു..
താഴൊട്ട്‌..
അത്‌ എണ്റ്റെ വായിലൂടെ ഇറങ്ങി
തൊണ്ടയില്‍ കുരുങ്ങിപ്പോയിരിക്കുന്നു.
 ഇപ്പോള്‍ എണ്റ്റെ മുഖത്തിന്നു
പാണ്ടുപിടിച്ചിരിക്കുന്നു.
കറുപ്പിനു മുകളിലെ വെളുപ്പു
എനിക്ക്‌ അലോസരമായിരിക്കുന്നു.
എരിയുന്ന കനലുകള്‍ക്കിടയില്‍
പാണ്ടുപിടിച്ച മുഖവുമായ്‌
അലയുമ്പോഴും ഞാന്‍ കാതോര്‍ക്കാറുണ്ട്
‌ ആ വിളിക്കായി...
"കറുപ്പന്‍.. "

Monday, May 18, 2009

സര്‍ഗാത്മകത

Bloggerഉം തുറന്നിരിക്കുകയാണ്‌
ഇന്നൊരു കവിത എഴുതണം.
പക്ഷേ;
സര്‍ഗാത്മകത വിടരുന്നില്ല..
അതെങ്ങോ പോയിരിക്കുന്നു.
ശീതീകരിച്ച ഒാഫീസ്മുറിയിലെ
നിറമില്ലാത്ത ചുവരുകള്‍ക്കിടയില്‍,
ഫുഡ്കോര്‍ട്ടിലെ ഒഴിഞ്ഞ
സോഫ്റ്റ്ഡ്രിംഗ്‌ കുപ്പികള്‍ക്കിടയില്‍,
ആളൊഴിഞ്ഞ ലിഫ്റ്റിനുള്ളില്‍,
നിരതെറ്റാതടുക്കിവെച്ച
കമ്പ്യുട്ടറുകള്‍ക്കിടയില്‍,
എല്ലായിടത്തും തിരഞ്ഞു;
കണ്ടില്ല...
മഴപെയ്തുതോര്‍ന്ന പുഞ്ചപാടത്ത്‌,
അരുവിയിലേക്ക്‌ തുറക്കുന്ന ഇടവഴിയില്‍,
കാറ്റു കളനാദം പൊഴിക്കും മുളങ്കൂട്ടില്‍,
മഞ്ഞുതുള്ളി കഥ പറഞ്ഞിരുന്ന ചാരുപടിയില്‍,
ഇവിടെയെവിടെയോ
ഞാനെന്‍സര്‍ഗാത്മകതയെ മറന്നുവെച്ചു.
പ്രായോഗികതയുടെ സഞ്ചാര പാതയില്‍
യന്ത്രവേഗത്തില്‍ മനസ്സോടുമ്പോഴും
Social Networkസൈറ്റുകളില്‍
ഞാനെന്‍ സര്‍ഗാത്മകതയെ
ഇപ്പോഴും തിരഞ്ഞുകൊണ്ടിരിക്കുന്നു.

Thursday, June 22, 2006

ഇനിയെന്തുണ്ട്‌ ബാക്കി

മരണ കാഹളം മുഴക്കുന്ന എണ്ണപാടങ്ങള്‍
ചോരയും നീരും വറ്റിയ മാംസതെരുവുകള്‍
രാക്ഷസത്തിര തിന്ന തീരങ്ങള്‍
ഇവ ഒരേ സ്വരത്തില്‍ ചോദിക്കുന്നു
"ഇനിയെന്തുണ്ട്‌ ബാക്കി"


പായ്ക്കറ്റുഫുഡിന്‍ കവറിനുമുന്നില്‍
അന്തകവിത്തിന്‍ കോന്തലയില്‍-
തൂങ്ങുന്ന കര്‍ഷകന്‍ ചോദിക്കുന്നു
"ഇനിയെന്തുണ്ട്‌ ബാക്കി"


സൂപ്പര്‍ടെക്‌ സിറ്റികള്‍ക്കിപ്പുറം വരണ്ട
നെല്‍പാടങ്ങള്‍ക്കിടയില്‍ ഒരു മണ്ടൂകം മൂളിടുന്നു
അരികിലെ കടയിലെ കറുത്ത പാനീയത്തിലകപ്പെട്ട
പുഴുഎന്തോ ചോദിച്ചു.. തുറന്നു നുര പൊട്ടി
പതഞ്ഞിരുന്നെങ്കില്‍ അതും ഞാന്‍ കേള്‍ക്കുമായിരുന്നു
"ഇനിയെന്തുണ്ട്‌ ബാക്കി"


ഒന്നാം തീയതി മിസ്സായതുകിട്ടാന്‍
ഗാന്ധി നോട്ടുമായി പായുന്നവനു
മുന്നിലൊരുവന്‍ കൈനീട്ടുന്നു
ബ്യുട്ടി കൊണ്ടെസ്റ്റില്‍ ക്യാറ്റ്‌ വാക്കു
നടത്തും കൊച്ചമ്മ മാര്‍ക്കിപ്പുറം
കുപ്പയിലൊരുവള്‍ അരവയര്‍ തേടുന്നു

കാത്തിരിപ്പിന്‍ മണം നിറയും വൃദ്ധ-
സദനങ്ങളില്‍നിന്നകന്ന് മാതൃത്വത്തിന്‍
കനവും നനവും ഫീഡ്ബോട്ടിലുകള്‍ പൊഴിക്കുന്നു

പുഴയില്ല,മഴയില്ല,കാടില്ല
വിഷു പക്ഷിതന്‍ പാട്ടില്ല
ചോര പുരണ്ട ഖദറുമായ്‌
ഗാന്ധി പ്രതിമ ചോദിക്കുന്നു
"ഇനിയെന്തുണ്ട്‌ ബാക്കി"


ആകാശത്തില്‍ കഴുകന്‍ പറക്കുന്നു
ചുവപ്പും വെള്ളയും നീലയും കലര്‍ന്ന്
നക്ഷത്ര കണ്ണുള്ള കഴുകന്‍
അവന്‍ അഗോളഗ്രാമ(നഗര?)സന്തതി


കുരുക്ഷേത്രങ്ങള്‍ ഉണ്ടാവുന്നു
ഉണ്ടാക്കപ്പെടുന്നു ,
പക്ഷെ ഒരു ശരശയ്യയെയൊ
ഒരു വിദുരരെയൊ ഞാന്‍ കണ്ടില്ല


ആയിരം സൂര്യതേജസ്സില്‍ തകറ്‍ന്ന
പാറ്‍പ്പിടം നോക്കി
ബോധി വൃക്ഷത്തിന്‍ അവസാന
വേരും മുറിയുന്നതുകണ്ട്‌
ഒരഭയാര്‍ഥി ചോദിക്കുന്നു
"ഇനിയെന്തുണ്ട്‌ ബാക്കി"


ഇനി...ഇനിയെന്തുണ്ട്‌ ബാക്കി...
വരുമായിരിക്കും;
ഒരു പുതിയ മാവേലി നാട്‌;
ഒരു പുതിയ ആര്‍ദ്ധനഗ്ന ഫക്കീര്‍
അതുവരെ രണ്ടുതുള്ളി കണ്ണീര്‍മാത്രം
നമുക്ക്‌ ബാക്കിവെക്കാം....