Sunday, June 16, 2013

left right left : revolution is really home made




ഈ അടുത്ത കാലത്ത് എന്ന ട്രെന്‍ഡ് സെറ്റര്‍ സിനിമക്ക് ശേഷം മുരളി ഗോപിയും അരുണ്‍ കുമാര്‍ അരവിന്ദും ഒന്നിക്കുന്നു എന്നത് കൊണ്ട് പ്രേക്ഷകര്‍ക്ക് ഉള്ള പ്രതീക്ഷ ഒട്ടും ആസ്ഥാനത്ത് ആക്കുന്നില്ല “ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്” എന്ന ചിത്രം എന്ന് മാത്രമല്ല ആ പ്രതീക്ഷകള്‍ക്ക് ഒരു പടി മുകളില്‍ നില്‍ക്കുന്നു ഈ ചിത്രം എന്ന് വേണമെന്നാണ് പറയേണ്ടത്.ഫെയ്സ് ബുക്കില്‍ ഒരു സുഹൃത്ത് ഷെയര്‍ ചെയ്ത “നട്ടെല്ല് ഉള്ളവന്‍ എടുത്ത സിനിമ” എന്ന അപ്ഡേയ്റ്റ്‌ വളരെ ശരിയാണെന്ന് സിനിമ കണ്ടിറങ്ങുമ്പോള്‍ ബോദ്ധ്യപെടുന്നു.ചിത്രം ശക്തമായൊരു political film എന്ന രീതിയില്‍ ആണ് പൊതുവേ ചര്‍ച്ച ചെയ്യപ്പെടുന്നത്ത് എങ്കിലും ഈ സിനിമ അവക്കെല്ലാം ഉപരി ചില രാഷ്ടീയ ചുറ്റുപാടുകളില്‍ സൃഷ്ടിക്കപെടുന്ന മാനസിക അവസ്ഥകളെ ആണ് പ്രതി പാതിക്കുന്നത് എന്ന് വേണം കരുതാന്‍. കമ്യൂണിസം എന്ന ചിന്താ ഗതിക്ക് ചുറ്റും ജീവിക്കുന്ന ഒരു പറ്റം മനുഷ്യരുടെ പോരാട്ടങ്ങളും ജീവിത വ്യഥകളും ആണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. അത് കൊണ്ട് തന്നെയാവും“..സമാധാനപ്രിയരുടെ ഒരു വിപ്ലവം ഉണ്ടാവും..അതാവും യഥാര്‍ത്ഥ വിപ്ലവം..എന്ന് സിനിമയിലെ റോയ് ജോസഫ്(മുരളി ഗോപി) പറയുന്നത്.

ജീവിതത്തോട് നിരന്തരം സമരം ചെയ്ത് മുന്നോട്ടു വരുന്ന മൂന്ന്‍ നായകരിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.1969 ലെ കൈതേരി സഹദേവനും(ഹരീഷ് പേരടി),76 ലെ റോയ് ജോസെഫും(മുരളി ഗോപി),86 ലെ വട്ട് ജയനും(ഇന്ദ്രജിത്ത്).മൂന്ന്‍ വിപ്ലവകാരികകള്‍...ആ മൂന്നു പേരെ 2013ലെ മലയാള രാഷ്ടീയ അവസ്ഥയിലേക്ക് കൊണ്ട് വരികയാണ്‌ കഥാകാരന്‍ ചെയ്തിട്ടുള്ളത്.

അതുകൊണ്ട് തന്നെ അവിടെ ഈ കഥാപാത്രങ്ങള്‍ക്ക്ക്കും കഥാന്തരീക്ഷങ്ങള്‍ക്കും നമ്മുടെ സമൂഹത്തില്‍ ചില സാമ്യതകള്‍(ഇല്ലെന്നു ആദ്യം എഴുതി കാണിക്കുന്നുണ്ടെങ്കിലും) കാണാവുന്നതാണ്‌.എന്നാല്‍ അത് സാധാരണ മലയാള സിനിമകളില്‍ കാണുന്ന പ്രഹസന മിമിക്രി ഡ്യൂപ്പ് ആവിഷ്കാരങ്ങള്‍ അല്ല മറിച്ച് ശക്തമായ നിലപാടുകളും വ്യക്തമായ രാഷ്ടീയവും  identityയും ഉള്ള കഥാപാത്രങ്ങള്‍ ആണ്. “ആരാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്” എന്ന കഥാകാരന്‍റെ ഇടക്കിടക്കുള്ള ചോദ്യങ്ങളില്‍ ചിലപ്പോള്‍ പ്രേക്ഷകര്‍ ഈ മൂവരെയും കാണുന്നു..മറ്റൊരു നിമിഷത്തില്‍ അതും ചോദ്യം ചെയ്യപെടുന്നു...
harish peradi

ഇവര്‍ക്കിടയില്‍ കടന്നു വരുന്ന രമ്യ നമ്പീശന്‍റെ ജെന്നിഫര്‍ എന്ന കഥാപാത്രത്തിലും ലെനയുടെ അനിത(Aleida March Hilda Gadea അനിത വിശേഷിപ്പിച്ച് ചെഗുവേര റോയ് എന്ന തന്‍റെ ഭര്‍ത്താവിനോട് ഈ കഥാപാത്രം എത്ര ഇഴുകി ചേര്‍ന്നിരിക്കുന്നു എന്ന് കഥാകാരന്‍ നമുക്ക് മനസിലാക്കി തരുന്നു)യും അനുശ്രീ അവതരിപ്പിക്കുന്ന കഥാപാത്രത്തിലും നാം വിപ്ലവകാരികളെ കാണുന്നു. ഇവിടെ ജെന്നിഫര്‍ തന്‍റെ സാഡിസ്റ്റ്‌ ആയ ഭര്‍ത്താവിനെതിരെയും(സൈജു കുറുപ്പ്) അനുശ്രീ ചെയ്ത കഥാപാത്രം തന്‍റെ കുടുംബത്തിന്‍റെ നിലനില്‍പ്പിനു വേണ്ടിയ ജീവിതത്തോടും സമരം ചെയ്യുന്നവര്‍ ആണ്.കഥ ഈ ഭാഗങ്ങളില്‍ എത്തുമ്പോള്‍ മറ്റു ചില മാനങ്ങള്‍ കൈ വരുന്നു.പൂര്‍ണ്ണമായും ഒരു political ഡ്രാമ എന്ന് പറഞ്ഞു ഈ സിനിമയെ catagorise ചെയ്തവര്‍ ഈ ഭാഗങ്ങള്‍ ശ്രദ്ധിച്ചിട്ടിലെന്നു വേണം കരുതാന്‍.കേരളത്തിലെ കമ്യൂണിസത്തിനു അതിന്‍റെ ഉല്‍പത്തികാലം മുതല്‍ ഇന്ന് വരെ ഉള്ള മാറ്റങ്ങളിലേക്ക് വ്യക്തമായൊരു ചിത്രവും ഈ കൂട്ടത്തില്‍ കൂട്ടി ചേര്‍ക്കപെടുന്നു.ഒടുവില്‍ യഥാര്‍ത്ഥ കമ്മ്യുണിസ്റ്റ് ആരാണെന്ന ഉത്തരം നല്‍കിയാണ്‌ സിനിമ അവസാനിക്കുന്നത്(അത് തീയറ്ററില്‍ തന്നെ പോയി കാണുക).
sethulakshmi
ചിത്രത്തിന്‍റെ താര നിര ഒന്നിനൊന്നു പ്രശംസ അര്‍ഹിക്കുന്നു.മുരളി ഗോപിയും ഇന്ദ്രജിത്തും ലെനയും രമ്യ നമ്പീശന്‍റെയും ഇത് വരെ ഉള്ളതില്‍ ഏറ്റവും മികച്ച കഥാപാത്രങ്ങള്‍ തന്നെയാണ് ഈ ചിത്രത്തില്‍ ഉള്ളത് എങ്കിലും  ചില നിമിഷങ്ങളില്‍ ഈ കഥാപത്രങ്ങളുടെ ഒരു പടി മുകളില്‍ നില്‍ക്കുന്നതാണ് നില്‍ക്കുന്നതാണ് ഹരിഷ് പേരടി ചെയ്ത കൈതേരി സഹ ദേവനും ഇന്ദ്രജിത്ത്ന്‍റെ അമ്മ വേഷം ചെയ്ത പ്രശസ്ത നാടക നടി സേതുലക്ഷ്മിയും.ചെറിയ റോളുകള്‍ ചെയ്ത സുധീഷ്‌ കരമനയും ശ്രീജിത്ത്‌ രവിയും അഹമ്മദ് സിദിക്കും സൈജു കുറുപ്പും വരെ പ്രശംസ അര്‍ഹിക്കുന്നു

ഈ സിനിമയെ കുറിച്ച് ചര്‍ച്ച ചെയ്യപെടുമ്പോള്‍ എടുത്ത് പറയേണ്ടത് സംവിധാനവും തിരക്കഥയും തന്നെ ആണ്.എഡിറ്റര്‍ കൂടി ആയ സംവിധായകന്‍ അരുണ്‍ കുമാര്‍ അരവിന്ദ് സിനിമയുടെ ക്ലൈമാക്സില്‍ വളരെ crucial ഒരു നിമഷത്തില്‍ പ്രേഷകരെ പൂര്‍ണ്ണമായ അന്ധകാരത്തിലെക്ക് തള്ളിയിടുന്നുണ്ട്.ഈ ഒരു നിമിഷം പ്രേക്ഷകരുടെ മനസില്‍ സൃഷ്ടിക്കപ്പെടുന്ന വികാരങ്ങളുടെ ഒരു കടല്‍ മാത്രം മതി അരുണ്‍ കുമാര്‍ അരവിന്ദ് എന്ന സംവിധായകന് അതിനുപരി ചിത്രസംയോജകനു അഭിമാനിക്കാന്‍(അതും തീയറ്ററില്‍ തന്നെ പോയി അനുഭവിച്ച് അറിയുക).മുരളി ഗോപി എന്ന എഴുത്ത്കാരന്‍റെ ശക്തമായ കഥയും സംഭാഷണ ശകലങ്ങളും തന്നെയാണ് ചിത്രത്തിന്‍റെ ശക്തി. life is like a walk, we cant walk left left or right right, only left rigtht left right” “Life is a mariage of lmts and death is the cntnuatn of the same.”, “സമാധാനപ്രിയരുടെ ഒരു വിപ്ലവം ഉണ്ടാവും..അതാവും യഥാര്‍ത്ഥ വിപ്ലവം....സമാധാനമായി വിപ്ലവം നയിക്കുന്നവര്‍ക്ക് ചെവി കൊടുക്കാതിരുന്നാല്‍ പിന്നീട് വരുന്നത് ഭ്രാന്തന്മാര്‍ നയിക്കുന്ന ഒരു വിപ്ലവം ആയിരിക്കും...” “ഉറുമ്പ് ചത്താൽ വാർത്ത തവള ചാവും വരെ,തവള ചത്താൽ വാർത്ത പാമ്പ് ചാവും വരെ,പാമ്പ് ചത്താൽ വാർത്ത പരുന്തു ചാവും വരെ” എന്ന് തുടങ്ങി ചിത്രത്തിലെ അവസാന dialog അയ ““We are the real communists.We are brave, we r alone വരെ എടുത്ത് നോക്കിയാല്‍ ഇത് വ്യക്തമാവും. Shehnad Jalaalന്‍റെ ചിത്രീകരണവും ഗോപി സുന്ദര്‍ന്‍റെ പശ്ചാത്തല സംഗീതവും പ്രശംസ അര്‍ഹിക്കുന്നു....ഒറ്റ വക്കില്‍ പറഞ്ഞാല്‍ left right left,revolution is really home made.....
A man is part
DNA, part unknown and part
what he sees and goes through
as a child...

Left Right Left


വാല്‍ക്കഷ്ണം : “കുറെ കഞ്ചാവും പുകയും അല്ല” നട്ടെലുള്ള ഒരു പറ്റം മനുഷ്യര്‍ എടുത്ത ഇതാണ് യഥാര്‍ത്ഥ ന്യു ജെനറെഷന്‍ സിനിമ എന്ന് മാത്രമാണ് അജ്ഞാതന് പറയാനുള്ളത്.
My rating : 4/5

Monday, June 3, 2013

അജ്ഞാതന്‍റെ Engineeringചരിതം 3 : ആദ്യ ബിറ്റിന്‍റെ* കഥ(അവസാനത്തെയും)





*ബിറ്റ്‌ : ചില സ്ഥലങ്ങളില്‍ തുണ്ട് എന്നും അറിയപെടുന്ന പച്ച  മലയാളത്തില്‍ പറഞ്ഞാല്‍ പരീക്ഷക്ക്‌ അടിക്കുന്ന കോപ്പി.
കാലം : സപ്പ്ളികള്‍ മേല്‍ക്കു മേല്‍ വന്നു കുമിഞ്ഞു കൂടുന്നത് മൂലം ഒരൊഴിവുമില്ലാതെ മാസാമാസം വരുന്ന യു.സിറ്റി എക്സാം സീസണുകളില്‍ ഏതോ ഒന്ന്

ദിവസം : ഒരു യു.സിറ്റി എക്സാമിന്‍റെ തലേ ദിവസം....

സീന്‍ ഒന്ന്

“കണ്ട്രോള്‍ സിസ്റ്റം”ന്‍റെ ബുക്കും എടുത്ത് കുറെ നേരമായി ഇരിക്കുന്നു.ഒന്നുമേ…”തലയില്‍ കയറുന്നില്ല..കുറെ ഇരുന്നു പഠിച്ച് നോക്കി…..നടന്നു പഠിച്ച് നോക്കി….കിടന്നു പഠിച്ച് നോക്കി നോ രക്ഷ.....എന്നാലും അജ്ഞാതനു പിടിക്കിട്ടാത്ത ഒന്നുണ്ട്...ഈ കമ്പ്യൂട്ടര്‍ എങ്ങിനീയര്‍മാര്(അതെന്താ എന്നൊന്നും ചോദിക്കരുത്) എന്തിനാ ഇലക്ട്രികല് പഠിക്കണതെന്നു. പെട്ടന്നാണ് “സപ്പ്ലി ഗുരു അണ്ണന്‍” വാതിലിനു മുന്നില്‍ പ്രത്യക്ഷപെട്ടു മൊഴിഞ്ഞത് “അതാണ്‌ മോനെ എഞ്ചിനീയറിംഗ്...” അജ്ഞാതന്‍റെ സംശയം കേട്ട്,സപ്പ്ലി എഴുതാന്‍ വന്ന്‍ MHന്‍റെ കോര്‍ണര്‍ സൈഡില്‍ ഇരുന്നു കാരംസ്‌ കളിച്ച് കൊണ്ടിരുന്ന “സപ്ലി ഗുരു അണ്ണന്‍” നേരിട്ട് പ്രത്യക്ഷ പെട്ട് മൊഴിഞ്ഞാല്‍ പിന്നെ എന്ത് പറയാന്‍...ശരിയാണ്.... “അതാണ്‌ മോനെ എഞ്ചിനീയറിംഗ്”

ഒരെത്തും പിടിയും കിട്ടുന്നില്ല.ഈ പ്രാവശ്യമെങ്കിലും പാസ്സായിലെങ്കില്‍ കാര്യം കട്ട പൊഹ ആണ്..അപ്പോഴാണ് അജ്ഞാതന്‍റെ മുന്നിലൂടെ ദൈവദൂതനെ പോലെ(ദൂതന്‍ ദൈവത്തിന്‍റെയോ ചെകുത്താന്‍റെയോ എന്ന് പിന്നീട് മനസിലായിക്കോളും) “ബിറ്റ്‌ ആശാന്‍” വന്നത്,രണ്ടു കൈയും നിറയെ മൈക്രോ ബിറ്റ്‌(ഇതെന്താണെന്ന് അറിയാത്തവര്‍ക്ക്: ഇതിന്‍റെ നിര്‍മ്മിതി ചുവടെ വിശദമായി ചേര്‍ത്തിട്ടുണ്ട്)ഉം ആയി....നാളത്തെ പരീക്ഷക്കുള്ള കോളാണ്.. അജ്ഞാതന്‍റെ ഇരുപ്പ്‌ കണ്ടു സങ്കടം വന്നിട്ടണെന്നു തോനുന്നു മൂപ്പര് തന്‍റെ സ്വദസിദ്ധമായ രായമാണിക്യ ഔദ്യോഗിക ഭാഷയില്‍ ഉപദേശിച്ചു “യെടെയ്‌ യെടെയ്‌....പൊയി ബുക്ക്‌ മുഴുവന്‍ ബിറ്റ്‌ അക്കടെ...എന്നിട്ട് പദ്മനാഭസ്വാമിയെ നിരീച്ച് മാന്യമായങ്ങ് കൊപ്പിയടിക്കടെ...ഈ കൊല്ലമെങ്കിലും ജയിച്ച് പോണ്ടെടെ???”

ഛെ “ബിറ്റ്‌” വെച്ച് കോപ്പിയടിക്കുകയോ...അതും അജ്ഞാതന്‍... പക്ഷെ.........അപ്പോള്‍ കണ്ണിലുടക്കിയ പുസ്തകത്തിലെ ഒരു സര്‍ക്യൂട്ട് കണ്ടതോടെ അജ്ഞാതന്‍ ഓര്‍ത്തു....പണ്ട് ഗാന്ധിജിയും കോപ്പി അടിച്ചീനു,എന്നിട്ടാ അങ്ങേരു നന്നായത്...പിന്നെയാ അജ്ഞാതന്‍...ഒടുവില്‍ രണ്ടും കല്‍പ്പിച്ച് തീരുമാനിച്ചു...ബുക്കിലെ സകല തിയറങ്ങളും പ്രൂഫും മൈക്രോ ബിറ്റ്‌ ആക്കുക. ബുക്കുമെടുത്ത് ഫോട്ടോസ്റ്റാറ്റ് കടയിലേക്ക് നടന്നു.സത്യം പറയാലോ ആ വഴിക്കധികം പോകാത്തവനാണ്.ക്ലാസില്‍ കയറി സ്ഥിരമായി നോട്ട്‌ എഴുതുന്നത് കൊണ്ടല്ല...പരീക്ഷക്ക്‌ പോലും കണ്ടവന്‍റെ ഫോട്ടോസ്റ്റാറ്റ് നോക്കിയെ പഠിക്കൂ എന്ന ദൃഢനിശ്ചയം ഉള്ളത് കൊണ്ടാണ്.അങ്ങനെ കടയില്‍ എത്തി.എക്സാം തലേന്നയതിനാല്‍ പ്രതീക്ഷിച്ചത്‌ പോലെ നല്ല മുറ്റ് തിരക്ക്‌.ഒരു വിധത്തില്‍ കടയിലെ ചേച്ചിയെ മണിയടിച്ച് ഉള്ളില്‍ കയറി പുസ്തകത്തിലെ ബിറ്റ് ആക്കേണ്ട പേജുകള്‍ മാര്‍ക്ക്‌ ചെയ്തു കൊടുത്ത്‌ “ആരും കാണാതെ മൈക്രോ ഫോട്ടോസ്റ്റാറ്റ് എടുത്ത്‌ വെക്കണം” എന്ന നിര്‍ദേശവും കൊടുത്ത്‌ അവിടന്ന് ഒരു സോഡാ കുടിക്കാന്‍ വലിഞ്ഞു.വെള്ളം കുടിച്ച് വന്നപ്പോഴേക്കും മൈക്രോ ബിറ്റ്‌ റെഡി.പുസ്തകത്തിലെ തിയറവും പ്രൂഫും എല്ലാം 1/8 സൈസില്‍ ഒരു  കയ്യില്‍ ഒതുങ്ങിയിരിക്കുന്നു(ഇപ്പൊ പ്രിയപ്പെട്ട വായനക്കാര്‍ക്ക്‌ ഏകദേശം മൈക്രോ ബിറ്റ്‌ എന്താണ് എന്ന് മനസിലായിക്കാണും എന്ന് വിചാരിക്കുന്നു. അതായത്‌ ടെക്സ്റ്റ്‌ ബുക്കിലെ ഭാഗങ്ങള്‍ വളരെ മൈക്രോ സൈസില്‍ ആക്കി ഫോട്ടോസ്ടാറ്റ്‌ എടുക്കുക.)സന്തോഷത്തോടെ ചേച്ചിയെ നോക്കി എത്രയാ എന്ന് ചോദിച്ചപ്പോ വന്നു മറുപടി “80 രൂപ” “പടച്ചോനെ 41 പേജിനു 80 ഉറുപ്പിയെ??”അജ്ഞാതന്‍ ഞെട്ടി.ഉടന്‍ വന്നു ചേച്ചിടെ മറുപടി “ആ..മൈക്രോ ബിറ്റ്ന് 2 രൂപയാ പേജിനു,നീയയോണ്ട് 82 എന്നുള്ളത് 80 ആക്കിട്ട്ണ്ട്”. “ഹോ എന്തൊരു സ്നേഹം...എന്നാലും ഇത് കൊഞ്ചം ഓവര്‍ താന്..ഹാ വേറെ നിവര്‍ത്തിയില്ല.പരീക്ഷ പാസാവേണ്ടേ.” കയ്യില്‍ ആകെ ഉള്ള നൂറു രൂപ അവടെ കൊടുത്തു(“ഇനി എന്നത്തെയും പോലെ നാട്ടില്‍ പോകാന്‍ വല്ലവന്‍റെയും മുന്നില്‍ കൈ നീട്ടാം...ഹാ..എന്നാലും പരീക്ഷക്ക്‌ ജയിക്കാലോ..”).ഓസ്കര്‍ അവാര്‍ഡ്‌ കിട്ടി എ ആര്‍ റഹ്മാന്‍ “മേരാ പാസ് മേരാ മാ ഹേ” എന്ന് പറഞ്ഞപോലെ “മേരാ പാസ് മൈക്രോ ബിറ്റ് ഹെ”എന്നും പറഞ്ഞ് അജ്ഞാതന്‍ വന്ന് ഹോസ്റ്റല്‍ റൂമിലെ ബെഡില്‍ ഒറ്റ കിടത്തം.. “ഇനിയിപ്പോ പടിക്കണ്ടല്ലോ ഹായ്‌ ഹായ്‌”

കട്ട് ടു.
സീന്‍ രണ്ട് :
പിറ്റേന്ന് പ്രഭാതം,രാവിലെ എണീറ്റ്‌ ജീന്‍സും ടി.ഷര്‍ട്ടും വാരി വലിച്ചു കേറ്റി ഇട്ടു(കുളിയും പല്ലുതേപ്പും പ്രഭാത ഭക്ഷണവും പണ്ടേ പതിവില്ലല്ലോ, ടി ഷര്‍ട്ടിന് അലക്കത്തതോണ്ട് നല്ല നാറ്റം.ഒന്നും നോക്കില്ല ആക്സ് എടുത്തടിച്ചു).തലേന്നു എടുത്ത്‌ വെച്ച മൈക്രോ ബിറ്റ് ഒക്കെ കയ്യില്‍ എടുത്തു.അപ്പോളാണ് ഒരു പ്രശ്നം.ഇതെല്ലം കൂടി എവടെ തിരുകും??. അജ്ഞാതന്‍റെ മനോവിഷമം അറിഞ്ഞിട്ടാണെന്ന് തോനുന്നു “ബിറ്റ്‌ ആശാന്‍” വീണ്ടും പ്രത്യക്ഷപെട്ടു. “യെടെയ്‌ യെടെയ്‌ ഫീഡ് ബാക്ക് സര്‍ക്യൂട്ടും തെവിനിസ്‌ തിയറവും ലാപ്ലസ് ട്രാന്‍സ്ഫര്‍മേഷനും മാത്രം എടുത്താ മതി.അതിന്നു നിനക്ക് ഷുവര്‍ ആയി നാല്‍പത്‌ ഒപ്പിക്കാം”(ഈ നാല്‍പ്പതിന്‍റെ മഹത്വം എന്‍ജിനീയര്‍മാര്‍ക്ക്‌ മാത്രമേ അറിയൂ).
ആശാന്‍ പറഞ്ഞാ പിന്നെ അപ്പീല്‍ ഇല്ല.ആശാന്‍റെ ശിക്ഷണത്തില്‍ അങ്ങനെ ജീവിതത്തില്‍ ആദ്യമായി അജ്ഞാതന്‍ മൂന്ന് ബിറ്റ് തന്‍റെ പാന്‍റ്ന്‍റെ ഉള്ളില്‍ ഭദ്രമായി ഒളിപ്പിച്ചു. അവസാനം എങ്ങനെ ബിറ്റ് അടിക്കണം എന്ന ഒരു ലഘു ക്ലാസും എടുത്ത്‌ “ബിറ്റ്‌ ആശാന്‍” അനുഗ്രഹിച്ചു വിട്ടു “യെടെയ്‌ യെടെയ്‌ പോയി ജയിച്ച് വാടെയ്‌”.

വീണ്ടും കട്ട് ടു.
സീന്‍ മൂന്ന് :
പരീക്ഷാ ഹാളില്‍ എന്നത്തേയും പോലെ അവസാന നിമിഷം ഓടി കയറിയ അജ്ഞാതന്‍ നേരത്തെ ഹാളില്‍ എത്തിയ ടീച്ചറെ നോക്കി ഒരു അവിഞ്ഞ ചിരി ചിരിച്ച് ടീച്ചര്‍ കാണിച്ച സീറ്റില്‍ പോയിരുന്നു.ടീച്ചര്‍ ചോദ്യ പേപ്പറും ഉത്തര കടലാസും തന്നു.ഒരു ദിവസവും ഇല്ലാത്ത ഭക്തി അത് കിട്ടിയപ്പോ പുറത്തേക്ക് വന്നു “ഈശ്വരാ കാത്തോളണെ”. ഇതും പറഞ്ഞു question paper തുറന്ന് എന്നത്തെയും പോലെ ആദ്യത്തെ അഞ്ചു മാര്‍ക്കിന്‍റെ ചോദ്യങ്ങള്‍ക്ക്‌ വായില്‍ തോനിയത് എഴുതി കൊണ്ടിരിക്കുമ്പോള്‍ ആണ് അജ്ഞാതന്‍ ആ കാഴ്ച്ച കണ്ടത്‌.അങ്ങ് ദൂരെ നിന്ന് നടന്നു വരുന്ന കരിമുട്ടി ജബ്ബാര്‍ സാറും സംഘവും..പടച്ചോനെ സ്ക്വാഡ്..പണി തീര്‍ന്ന്....കയ്യും കാലും വിറക്കാന്‍ തുടങ്ങി...അവര് വരും... ചെക്ക്‌ ചെയ്യും...പൊക്കും..പണി തീരും....ആഹഹ....
അജ്ഞാതന്‍റെ ഹാര്‍ട്ട് ശിവമണിടെ ഡ്രം ബീറ്റ്‌ പോലെ ഇടിക്കാന്‍ തുടങ്ങി.കാലു രണ്ടും പ്രഭു ദേവയെക്കാള്‍ സ്പീഡില്‍ വിറച്ചു.വിയര്‍പ്പ് മൂക്കിന്‍ താഴെ കൂടി ഇറങ്ങി താടിയില്‍ വന്നു ഒട്ടി നിന്നു.പെട്ടന്നാണ് അവിടെ മാത്രമല്ല താഴെയും ഒരു നനവ് പൊടിഞ്ഞിട്ടുണ്ട് എന്നൊരു സംശയം അജ്ഞാതാന് വന്നത്.പിന്നൊന്നും നോക്കില്ല എഴുനേറ്റ് നിന്നു കൈ ഉയര്‍ത്തി വിളിച്ചു “മാം..” ജന്മത്തില്‍ പരീക്ഷക്ക്‌ അഡീഷണല്‍ ഷീറ്റ് വാങ്ങാത്ത അജ്ഞാതന്‍ കൈ ഉയര്‍ത്തി നില്‍ക്കുന്നത്‌ കണ്ട് കണ്ണ് നിറഞ്ഞ് അഡീഷണല്‍ ഷീറ്റും ആയി ടീച്ചര്‍ ഓടിയെത്തി.തനിക്ക്‌ നേരെ നീട്ടിയ അഡീഷണല്‍ ഷീറ്റ് നോക്കി അജ്ഞാതന്‍ മൊഴിഞ്ഞു “അതല്ല മാം...” അജ്ഞാതന്‍ തന്‍റെ ചുരുട്ടി പിടിച്ച മുഷ്ടിയിലെ ചെറു വിരല്‍ മാത്രം ഉയര്‍ത്തി കാണിച്ചു.ഇത് കണ്ട് ടീച്ചര്‍ തുടങ്ങി “തനിക്കൊക്കെ ഇതൊക്കെ നേരത്തെ തീര്‍ത്ത് വെച്ച് ഇങ്ങോട്ട് കയറിക്കൂടെടോ..അതെങ്ങനാ..ഇതൊരു സ്ഥിരം ശീലം അല്ലെ...എഴുതി എഴുതി പതം വന്നു പോയില്ലേ..ഈ പ്രാവശ്യം എങ്കിലും എഴുതി പാസകുമോ??..എവടെ??” ഇങ്ങനെ എന്തൊക്കെയോ ഒക്കെ ആയിരുന്നു അവ...ഡ്രം ബീറ്റിനും ബ്രേക്ക്‌ ഡാന്‍സിനും ഇടയില്‍ ഇവയൊന്നും വ്യക്തമായില്ലെങ്കിലും തന്നെ നോക്കി ചിരിക്കുന്ന 19 സഹ എഴുത്തുകാരെ പ്രത്യേകിച്ച് അതിലെ 11 പെണ്‍കുട്ടികളെ(അതില്‍ ഭൂരിഭാഗവും റെഗുലര്‍ എഴുതാന്‍ വന്ന ജൂനിയെരസ്..ഛെ....)അജ്ഞാതന്‍ വ്യക്തമായി കണ്ടു.

ഒടുവില്‍ “പുറത്തിറങ്ങിയാല്‍ ബുക്ക്‌ നോക്കി ചെക്കന്‍ പാസാകുമോ” എന്ന ടീച്ചറുടെ ഭയത്തില്‍ ആ വഴിയെ പോയ പ്യൂണിന്‍റെ മേല്‍നോട്ടത്തില്‍ അജ്ഞാതന്‍ ബാത്ത്റൂമിലെക്ക് നയിക്കപെട്ടു.ഓടി ചെന്ന് ബാത്‌റൂമില്‍ കയറിയതും പാന്റില്‍ ഉണ്ടായ ബിറ്റ് ക്ലോസറ്റില്‍ ഇട്ടതും ഫ്ലഷ് അടിക്കലും ഒരുമിച്ച് കഴിഞ്ഞു.സമാധാനത്തോടെ വിയര്‍പ്പ് ഒപ്പി തിരിച്ച് വന്ന് സീറ്റില്‍ ഇരുന്നു.അതാ വരുന്നു സ്ക്വാഡ് ടീം.. “ഹാവൂ അപ്പൊ അങ്ങനെ ഒരു ബുദ്ധി തോനിയതുകൊണ്ട് രക്ഷപെട്ടു.” പക്ഷെ അജ്ഞാതാനെ ഞെട്ടിച്ച് കൊണ്ട് പ്രത്യേകിച്ചൊന്നും ചെയ്യാതെ ചുമ്മാ ഡെസ്കിനടിയിലും ഒക്കെ ഒരു നോട്ടം നോക്കി അവരങ്ങ് പോയി...
“ഛെ...ഇതിത്രയെ ഉള്ളോ..വെറുതെ ഫ്ലഷ് അടിച്ച് കളഞ്ഞു...ഹാ പോട്ടെ” ഇതും പറഞ്ഞു ഒരെത്തും പിടിയും കിട്ടാതെ അജ്ഞാതന്‍ തന്‍റെ ചോദ്യ പേപ്പര്‍ ചുമ്മാ മറിച്ചു നോക്കി.അപ്പോളാണ് അവസാനത്തെ മൂന്ന് പതിനഞ്ച് മാര്‍ക്കിന്‍റെ ചോദ്യങ്ങളില്‍ അജ്ഞാതന്‍റെ കണ്ണ് ഉടക്കിയത് “കുട്ടിമാമ..അജ്ഞാതന്‍ ഇപ്പൊ ശരിക്കും ഞെട്ടി മാമ” അവിടെ ചോദ്യ പേപ്പറില്‍ മൂന്ന് ചോദ്യങ്ങള്‍..താന്‍ ഫ്ലഷ് അടിച്ച് കളഞ്ഞ അതേ ചോദ്യങ്ങള്‍........
ആ ചോദ്യങ്ങളിലെക്ക് നിര്‍വികാരനായി നോക്കി ഇരിക്കുന്ന അജ്ഞാതന്‍റെ ഒരു ക്ലോസ് ഷോട്ട്(:P)

അവസാനത്തെ കട്ട്‌ ടു.
സീന്‍ നാല് :
ഹോസ്ടലിലെ റീഡിംഗ് റൂമില്‍ അന്നെന്താണ് സംഭവിച്ചത് എന്ന് ഇനിയും അങ്ങോട്ട്‌ വിശ്വാസം വരാതെ ഇരിക്കുന്ന അജ്ഞാതന്‍,ഒടുവില്‍ ശ്രദ്ധ പത്രത്തിലേക്ക് തിരിച്ചു.അജ്ഞാതന്‍റെ കണ്ണ് ചെന്ന് കൊണ്ടത് വാരഭലത്തിലേക്ക്‌ ആയിരുന്നു.അവിടെ അജ്ഞാതന്‍റെ നാളിനു നേരെ ഇങ്ങനെ എഴുതി വെച്ചിട്ടുണ്ടായിരുന്നു “ധന നഷ്ടം,മാന ഹാനി,ഭാഗ്യ കുറവ്‌”.അജ്ഞാതന്‍ ഒരു നെടുവീര്‍പ്പിട്ടു.എന്നിട്ട് എണ്ണിതുടങ്ങി

ധന നഷ്ടം : ചേച്ചിയുടെ കടയില്‍ നിന്ന് എണ്‍പത്‌ രൂപക്ക്‌ മൈക്രോ ബിറ്റ്‌ എടുത്തത്‌.
മാന ഹാനി : പരീക്ഷ ഹാളില്‍ പതിനൊന്നു പെണ്‍കുട്ടികള്‍ അടങ്ങുന്ന പത്തൊന്‍പത്‌ പേരുടെ മുന്നില്‍ നിന്ന് ടീച്ചര്‍ തൊലി ഉരിഞ്ഞത്.
ഭാഗ്യ കുറവ് : ഒന്നും നോക്കത്തെ പോയ സ്ക്വാഡിണെ ഭയന്ന് ഫ്ലഷ് അടിച്ച് കളഞ്ഞ ബിറ്റ്‌ തന്നെ നാല്‍പ്പത്തഞ്ചു മാര്‍ക്കിന് ചോദിച്ചത്.
ആ നിമിഷം അജ്ഞാതന്‍ ഒരു തീരുമാനം എടുത്തു “ഇനി ജന്മത്തില്‍ കോപ്പി അടിക്കില്ല..”

സോറി ഒരൊറ്റ കട്ടും കൂടി ഉണ്ട്
അവസാന സീന്‍ :
“എന്താണ് മോനെ എന്‍ജിനീയറിംഗ്” എന്ന ചോദ്യത്തിന് വ്യക്തമായി ഉത്തരമറിയാത്ത,“എങ്ങനെ പാസ്സായി” എന്ന്‍ അറിയാത്തവരും “ഈ സപ്പ്ളികള്‍ കൊണ്ട് ഇനി ഞാന്‍ എങ്ങനെ പാസ്സ് ആവും??” എന്ന് അറിയാത്തവരും ആയ ലക്ഷോപലക്ഷം വരുന്ന ഒരു സമൂഹത്തിന്‍റെ പരിഛേദം ആയി അജ്ഞാതന്‍ ഇപ്പോഴും “കണ്ട്രോള്‍ സിസ്റ്റം” പേപ്പര്‍ എഴുതി കൊണ്ടിരിക്കുകയാണ്...ഈ വട്ടം എങ്കിലും പാസ്സ് ആവും എന്ന പ്രതീക്ഷയോടെ..