Sunday, November 4, 2012

ഒരു പറ്റം ട്വീറ്റുകള്‍.



@കണാദന്‍,
കണാദാ നിങ്ങള്‍ക്ക് തെറ്റ് പറ്റിയിരിക്കുന്നു,അല്ലെങ്കില്‍
ഭൂഗര്‍ഭപാത്രമാം മലകള്‍ തുരന്നവര്‍ ജീവകണം തേടില്ലയിരുന്നല്ലോ.
@റൂഥര്‍ഫോര്‍ഡ്‌
റൂഥര്‍ഫോര്‍ഡ്‌ നിങ്ങള്‍ക്ക്‌ തെറ്റ് പറ്റിയിരിക്കുന്നു,അല്ലെങ്കില്‍ മണ്ണിനെയും കൂടപ്പിറപ്പുകളെയും മറന്നവര്‍ കടല്‍ കരയിലെ “ഭാവി ഊര്‍ജകുംഭങ്ങളിലേക്ക്” ദ്രവം നിറക്കില്ലായിരുന്നല്ലോ.
@അംബേദ്കര്‍
അംബേദ്‌കര്‍ നിങ്ങള്‍ക്ക്‌ തെറ്റ് പറ്റിയിരിക്കുന്നു,അല്ലെങ്കില്‍     കാണാരെട്ടന്‍റെ പച്ചക്കറി പീടികയുടെ നെടുംതൂണ് പിഴുത്തവര്‍ “ചുമര്‍ചന്ത”കള്‍ക്ക്‌ കളമൊരുക്കില്ലായിരുന്നല്ലോ.

@സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള
നിങ്ങള്‍ക്ക്‌ തെറ്റ് പറ്റിയിരിക്കുന്നു,ഇല്ലെങ്കില്‍ ഒരു ദിവസം കൊണ്ട് “കാല്‍പന്ത്‌ ദൈവ”ത്തിന്‍റെ കയ്യ്ക്കും “മിസ്സ്‌ കേരള”യുടെ മുടിക്കും അടിയിലെ “സ്ക്രോള്‍ ന്യൂസ്സാ”യി ഇവയൊന്നും മാറില്ലായിരുന്നല്ലോ
@ഭഗത് സിംഗ്
ഭഗത് സിംഗ് നിങ്ങള്‍ക്ക്‌ തെറ്റ് പറ്റിയിരിക്കുന്നു,അല്ലെങ്കില്‍ മാര്‍ച്ച്‌ 23ലെ ഒരു സ്റ്റാറ്റസ് അപ്ഡേറ്റിനു ലഭിക്കുന്ന ലൈക്കുകളിലേക്ക്‌ നിങ്ങളുടെ രക്തസാക്ഷിത്വം ചുരുങ്ങി പോകില്ലായിരുന്നല്ലോ.
@കടലിനപ്പുറം സ്വര്‍ണം തേടി പോയ മുക്കുവന്‍
മുക്കുവാ,നിങ്ങള്‍ പറഞ്ഞതാണ് ശരി.ഈ വലകൂട്ടങ്ങളില്‍ ചെറിയ മീനുകള്‍ മാത്രമേ പെടു,വലിയവ എന്നും വലക്കണ്ണി പൊട്ടിച്ച് പുറത്ത്‌ ചാടും, അതുകൊണ്ട് നമുക്ക്‌ കടല്‍ കടന്ന് സ്വര്‍ണ മരീചികകള്‍ തേടി പോകാം.

Sunday, September 23, 2012

Trivandrum Lodge

ട്രിവാണ്ട്രം ലോഡ്ജ് : സദാചാര മലയാളിയിലേക്ക് ഒരു ചൂണ്ടു പലക

തല കഷ്ണം : നിങ്ങളും മുകളില്‍ പറഞ്ഞ കൂട്ടത്തില്‍ പെട്ടതാണെങ്കില്‍ ദയവായി ഇനിയുള്ളത് വായിക്കാതിരിക്കുക...

V K PRAKASH
          “ബ്യുട്ടിഫുള്‍” എന്ന ബ്യുട്ടിഫുള്‍ ചിത്രത്തിന് ശേഷം അതേ ടീം വീണ്ടുമൊന്നിക്കുന്ന സിനിമ എന്നത് കൊണ്ട് പ്രേക്ഷക വൃന്ദം പുലര്‍ത്തിയ പ്രതീക്ഷ അണുവിട തെറ്റിച്ചില്ല ട്രിവാണ്ട്രം ലോഡ്ജ് എന്ന പുതിയ സിനിമയും.സംവിധായകനായി V.K.P എന്ന വി.കെ.പ്രകാശും നടനായി ജയസൂര്യയും എഴുത്തുകാരനും അഭിനേതാവും ആയി അനൂപ്‌ മേനോനും ഇത്തവണ നമ്മുടെ അടുത്തെത്തുന്നത് വളരെ റിയാലിസ്റിക് ആയ ഒരു പിടി കഥാപാത്രങ്ങളും ജീവിത മുഹൂര്‍ത്തങ്ങളും ആയിട്ടാണ്. അതുകൊണ്ട് തന്നെ 2 മണിക്കൂര്‍ നീളുന്ന  'ട്രിവാന്‍ഡ്രം ലോഡ്‍ജ്വ്യത്യസ്തമായ മറ്റൊരു മനോഹര ചിത്രമായി തീരുന്നുണ്ട്.

 Trivandrum Lodge
               ചിത്രത്തിന്‍റെ പേര് സൂചിപ്പിക്കുന്ന പോലെതന്നെ ഒരു ലോഡ്ജും അതിലെ അന്തെവാസികളിലൂടെയുമാണ് കഥ പറഞ്ഞു പോകുന്നത്.മലയാള സിനിമകളില്‍ കണ്ടു വരാറുള്ള ഒരു സ്റ്റോറി ലൈനിംഗ് അപ്പ്‌ സമ്പ്രദായമല്ല ചിത്രത്തിലുള്ളത്.മറിച്ച് ലോഡ്‍ജുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ചില ജീവിതങ്ങളിലൂടെ പ്രണയം,കാമം തുടങ്ങി മലയാളി എന്നും പറയാന്‍ മടിച്ച ചില ശക്തമായ മാനസിക അവസ്ഥകളെ നര്‍മ്മത്തിന്‍റെ മേന്‍പൊടിചേര്‍ത്ത് അവതരിപ്പിക്കുകയാണ് സംവിധായകനും എഴുത്ത്കാരനും ചെയ്തിട്ടുള്ളത്.അതിനാല്‍ മലയാളി “അശ്ലീലം” എന്ന് ലേബല്‍ ഇട്ട ഒരു പാട് സംഭാഷണ ഭാഗങ്ങള്‍ ചിത്രത്തില്‍ കടന്നു വരുന്നുമുണ്ട്.അതുകൊണ്ട് തന്നെ കുടുംബ പ്രേക്ഷകര്‍ ചിത്രം വേണ്ടപോലെ അംഗീകരിച്ചുകൊള്ളണമെന്നില്ല(അവരെ വെറുതെ വിടുക,അവര്‍ അമ്മായിയുടെയും,മരുമകന്‍റെയും,പെണ്‍ വേഷം കെട്ടിയ ആണിന്‍റെയും വില കുറഞ്ഞ ദ്വയാര്‍ത്ഥ പ്രയോഗ നര്‍മ്മങ്ങള്‍ക്ക് പൊട്ടി ചിരിച്ചോട്ടെ....).

        ഭര്‍ത്താവില്‍ നിന്ന് ഡിവോഴ്സ് വാങ്ങി കഥയെഴുതാന്‍ കൊച്ചി നഗരത്തില്‍ എത്തുന്ന ധ്വനി(ധ്വനി/ഹണി റോസ്)യെന്ന കഥാപാത്രത്തിലൂന്നിയാണ്‌ 'ട്രിവാന്‍ഡ്രം ലോഡ്‍ജി'ന്റെ ആദ്യ കഥാഭാഗം വികസിക്കുന്നത്.എടുത്ത് പറയത്തക്ക നല്ല വേഷങ്ങള്‍ ഒന്നും ഇതുവരെ ചെയ്തിട്ടിലെങ്കിലും തികഞ്ഞ കൈയ്യടക്കത്തോടെ ഹണി തന്‍റെ റോള്‍ ഭംഗിയാക്കി എന്ന്‍ വേണം പറയാന്‍...,ഇതിനായി അവള്‍ തിരഞ്ഞെടുക്കുന്നത്  ഹരിശങ്കറിന്‍റെ 'ട്രിവാന്‍ഡ്രം ലോഡ്‍ജ്' ആണ്, അവിടെ അവള്‍ പരിചയ പെടുന്ന അബ്ദു(ജയസൂര്യ) എന്ന ചെറുപ്പക്കാരന്‍ ലൈംഗികദാഹ ശമനം ലഭിക്കാതെ വരുമ്പോള്‍ വൈകൃതങ്ങള്‍ക്ക് അടിമപെട്ട് പോകുന്ന ഒരു യുവ സമൂഹത്തിന്‍റെ പ്രതിനിധിയാണ്.ജയസൂര്യ വളരെ മനോഹരമാക്കിയിട്ടുണ്ട് ഈ കഥാപാത്രത്തെ,അയാളുടെ ജീവിത്തിലേക്കും അതിനു ചുറ്റും വരുന്ന ഒരു പറ്റം കാമത്തിന്‍റെ വ്യത്യസ്ത മുഖങ്ങളിലെക്കും സിനിമ കടന്ന് ചെല്ലുന്നു. നടക്കാതെ പോയ മോഹങ്ങളുടെ “999”ഉം അതിന്‍റെ ശാസ്ത്രവും കൊണ്ട് നടക്കുന്ന വൃദ്ധനും, ന്യു ജെന്‍ ഫേസ്ബുക്കും മൊബൈലും,പഴമയുടെ കൊച്ചു പുസ്തകങ്ങളും,ദുരുദ്വേശ പരാമായി നടത്തുന്ന സ്പായും,സിനിമാ മോഹങ്ങളുടെ ദുരുപയോഗവും,ശരീരം വിറ്റ് ജീവിക്കുന്ന ഒരു സമൂഹത്തിന്‍റെ കുടുംബ പശ്ചാത്തലവും അതില്‍ അനൂപ്‌ മേനോന്‍ ഭംഗിയായി വരച്ചിടുന്നു.ചിത്രത്തിന്‍റെ അന്ത്യതോടടുക്കുമ്പോള്‍ ഈ നിറം കെട്ട ലോകങ്ങള്‍ക്കപ്പുറം ശരീരാതീതമായ പ്രണയത്തിന്‍റെ മറ്റു ചില മുഖങ്ങള്‍ ഹരിശങ്കരി(അനൂപ്‌ മേനോന്‍))))) ) ലൂടെയും അയാളുടെ ഭാര്യയായ മാളവിക(ഭാവന)യിലൂടെയും സ്കൂള്‍ വിദ്യാര്‍ഥിയായ മകന്‍ അര്‍ജുനി(മാസ്റ്റര്‍ ധനഞ്ജയ്)ലൂടെയും അവന്‍ സ്നേഹിക്കുന്ന അമല(ബേബി നയന്‍താര)യിലൂടെയും ഇതള്‍ വിരിയുന്നു,മലയാളി കണ്ടു മടുത്ത ഹീറോ ഹീറോഇന്‍ മരം ചുറ്റി പ്രണയത്തില്‍ നിന്ന് “കണ്ണിനുള്ളില്‍ നീ കണ്മണി” എന്ന ഗാനത്തിലൂടെ സംവിധായകന്‍ നിഷ്കളങ്കമായ ഒരു പ്രണയലോകത്തേക്ക് കാഴ്ചക്കാരെ കൂട്ടികൊണ്ട് പോകുന്നു.നന്മയുടെ ചില ഓര്‍മ്മ പെടുത്തലുകള്‍ അവശേഷിപ്പിച്ച് ചിത്രം അവസാനിപ്പിക്കുമ്പോള്‍ സിനിമയുടെ caption കടമെടുത്ത്‌ trivandrum lodgeനെ ഇങ്ങനെ വിശേഷിപ്പിക്കാം “A Tale Of Love,Lust,Longing”. 

Shooting With Helicam
            പ്രദീപ്‌ നായരുടെ സിനിമാറ്റൊഗ്രഫിയും M.ബാവയുടെ കലാസംവിധാനവും എടുത്ത്‌ പറയേണ്ടതാണ്‌,അത്ര മനോഹരമായാണ് trivandrum lodgeന്‍റെ സെറ്റ്‌ നിര്‍മിക്കപെട്ടതും അതിലെ രംഗങ്ങള്‍ 'ട്രിവാന്‍ഡ്രം ലോഡ്‍ജ്'  ന്‍റെ എല്ലാ വികാരങ്ങളും ഒപ്പിയെടുക്കാന്‍ വണ്ണം ഗ്രേ ഷേഡില്‍ ചിത്രീകരിക്കപെട്ടതും(helicam camera വെച്ച് ചില രംഗങ്ങള്‍ ഷൂട്ട്‌ ചെയ്ത ആദ്യ മലയാള സിനിമകൂടിയാണ് trivandrum lodge).ചിത്രത്തിലെ മൂന്ന് ഗാനങ്ങളും M.ജയചന്ദ്രന്‍ മനോഹരമാക്കി എന്ന് പറയാതിരിക്കാന്‍ വയ്യ.ബിജിപാലിന്‍റെ Background Scoreഉം കഥാ പശ്ചാത്തലത്തോട് നീതി പുലര്‍ത്തിയിരിക്കുന്നു.കഥാപാത്രങ്ങളുടെ വികാരങ്ങള്‍ ഒപ്പിയെടുക്കാന്‍ പാകത്തിന് ക്ലോസ് അപ്പുകളും ലോങ്ങ്‌ ഷോട്ടുകളും മനോഹരമായി കൂട്ടി ചേര്‍ത്ത എഡിറ്റര്‍ മഹേഷ്‌ നാരായണും അഭിന്ദനം അര്‍ഹിക്കുന്നു,ഉസ്താദ്‌ ഹോട്ടലില്‍ ചിത്രത്തിനാവശ്യമായ ഫാസ്റ്റ് കട്ട്കള്‍ ആണ് അദ്ദേഹം use ചെയ്തതെങ്കില്‍,ഇവിടെ കഥാഗതിക്കൊത്തുള്ള സ്ലോ ഷോട്ട്കളാണ് അദ്ദേഹം use ചെയ്തിട്ടുള്ളത്.



                              പി.ബാലചന്ദ്രന്,സൈജു കുറുപ്പ്സുകുമാരിജനാര്‍ദ്ദനന്‍,ദേവി അജിത്ത്,അരുണ്‍,കൃഷ്ണപ്രഭ,നന്ദു തുടങ്ങി വന്നു പോകുന്ന എല്ലാ അഭിനേതാക്കളും  തങ്ങളുടെ ഭാഗങ്ങള്‍ മനോഹരമാക്കിയിട്ടുണ്ട്. “തൂവാനത്തുമ്പികളിലെ” തങ്ങളെ(ബാബു നമ്പൂതിരി)യും “ബ്യുട്ടിഫുള്‍”ലെ കന്യകയെ(തെസ്‍നി ഖാന്‍)യും പുനരവതരിപ്പിച്ചത്തിലൂടെയും “തൂവാനത്തുമ്പികളിലെ” “ജയകൃഷ്ണനെ” കുറിച്ച് പരാമര്‍ശിച്ചതിലും കൂടി തന്‍റെ തിരക്കഥകളില്‍ തന്‍റെതായ മുദ്ര പതിപ്പിക്കാറുള്ള അനൂപ്‌ മേനോന്‍ ഇത്തവണയും ആ പതിവ്‌ തുടരുന്നു.പക്ഷെ ജയചന്ദ്രന്‍ ചെയ്ത ചായക്കടക്കാരന്‍ അച്ഛനും അയാളുടെ ദുര്‍വാശിയും,ലാന്‍ഡ്‌ സീസ് ചെയ്യാന്‍ വരുന്ന ഉദ്യോഗസ്ഥരും.അവസാനം കൈ വരുന്ന അവകാശ രേഖകളും അവസരോചിതമല്ലാത്ത കൂട്ടി ചേര്‍ക്കലുകള്‍ ആയി തോന്നി. എന്നിരുന്നാലും “ഒരാളെ മാത്രം സ്നേഹിക്കുക,intense ആയി പ്രണയിക്കുക,to be a one women man,മനസിലും ശരീരത്തിലും ഒരാള്‍ മാത്രം,അതങ്ങനെ ചെയ്യാന്‍ It demands a mind of quality” എന്ന ഒരൊറ്റ ഡയലോഗിലൂടെ അനൂപ്‌ മേനോന്‍ തന്നിലെ എഴുത്ത്‌ കാരന്‍റെ identityക്ക് അടിവരയിട്ടു എന്ന് വേണം പറയാന്‍

Anoop Menon
            So Called "ന്യു ജെന്‍"""" സിനിമകള്‍ "Exta marietal affairs" കൊട്ടിഘോഷിക്കുന്നു എന്ന വാദത്തിനു ചുട്ട മറുപടി ആകുകയാണ് ഈ ചിത്രം. ചുരുക്കി പറഞ്ഞാല്‍ trivandrum lodgeലെ മുറികളും അതിനുള്ളിലെ കഥകളും കഥാപാത്രങ്ങളും ഇന്നത്തെ മലയാളി മനസുകളുടെ നേര്‍കാഴ്ച്ചകള്‍ ആകുകയാണ്.അതുകൊണ്ട് തന്നെയാണ് ടിക്കെറ്റ്‌ എടുത്ത്‌ സിനിമ കാണാന്‍ വരുന്ന പ്രേക്ഷകന്‍ ഈ ചിത്രം നിറഞ്ഞ കൈയ്യടികളോടെ സ്വീകരിക്കുനതും.

ഒറ്റവാക്കില്‍ : സിനിമയെ ഗൌരവമായി സമീപിക്കുന്ന ഒരു വ്യക്തിയാണ് നിങ്ങള്‍ എങ്കില്‍ ഒരിക്കലും ഈ സിനിമ കാണാതെ വിടരുത്‌,THIS LODGE IS PRICE WORTH!!!!!

വാല്‍കഷ്ണം : അജ്ഞാതന്‍ balcony seatല്‍ ഇരുന്നാണ് സിനിമ കണ്ടത്‌.., സിനിമയില്‍ കഴുത്ത് ഉളുക്കിയ നായികയുടെ അടുത്തേക്ക്‌ എണ്ണയുമായി പോകുന്ന നായകന്‍റെ രംഗത്തിന്‍റെ മുകളില്‍ “INTERVEL” എന്നെഴുതി കാണിച്ചപ്പോള്‍ പിന്നിലിരുന്ന കാണിയുടെ വായില്‍ നിന്ന്‍ വീണതിങ്ങനെ “അയ്യേ പറ്റിച്ച് intervel ആയി...” , ഇതല്ലേ മക്കളെ യഥാര്‍ത്ഥ സദാചാരം....

Cast And Crew

Directed byV.K. Prakash
Produced byP.A. Sebastian
Story, Screenplay, DialoguesAnoop Menon
D.O.P: Pradeep Nair
StarringJayasurya, Anoop Menon, Honey Rose, Devi Ajith, Thesni Khan, Sukumari, Janardhanan, P. Balachandran, Master Dhananjay, Baby Nayanthara, P. Jayachandran, Bhavana, Saiju Kurup, Babu Namboothiri, Arun, Kochu Preman, Indrans, Nandu etc.
Editing : Mahesh Narayanan,Art: M. Bawa,Music : M. Jayachandran,Background Score : Bijibal,
Lyrics : Rafeeq Ahmed, Rajeev Nair,Make-Up : Hasan Vandoor,Costumes : Pradeep Kadakassery,
Stills: Sreejith Chettippadi,Designs: Antony Stephens,Banner:Time Ads Entertainment

Sunday, September 16, 2012

പ്രതിബിംബങ്ങള്‍



അയാള്‍ ആ കണ്ണാടി നോക്കി പറഞ്ഞുനിന്നെയാണു ഞാന്‍ ഏറ്റവും കൂടുതല്‍ പ്രണയിക്കുന്നത്. കണ്ണാടി അയാളെ നോക്കി പല്ലിളിച്ചു “നിന്നെയാണ് ഞാന്‍ ഏറ്റവും വെറുക്കുന്നത്”. ഒരു പ്രഹരമായിരുന്നു മറുപടി. തകര്‍ന്നു വീഴുന്ന  കണ്ണാടിച്ചില്ലുകള്‍ കലപില ശബ്ദത്തില്‍ ചിരിച്ചുകൊണ്ട് മൊഴിഞ്ഞു “നീ നിന്നെ തന്നെയാണ് കൂടുതല്‍ വികൃതമാക്കുന്നത്”. ദേഷ്യം വന്ന അയാള്‍ ആ ചില്ലുകള്‍  ചൂലുകൊണ്ട് അടിച്ച് കൂട്ടി പുറത്തേക്ക് എറിഞ്ഞു. തല്‍സ്ഥാനത്ത്‌ ഒരു പുതിയ കണ്ണാടി വെച്ചു. കറുത്ത പെയ്ന്‍റ് അടിച്ച ഒരു കണ്ണാടി. ഒന്നും പ്രതിഫലിപ്പിക്കാത്ത ഒരു കണ്ണാടി. അപ്പോഴും കുപ്പിച്ചില്ല് കൊണ്ട് മുറിഞ്ഞ അയാളുടെ കയ്യില്‍ നിന്ന് ചോര ധാര ധാരയായി ഒഴുകുന്നുണ്ടായിരുന്നു.

Monday, July 30, 2012

അജ്ഞാതന്‍റെ Engineeringചരിതം 2:പ്രണയ(പരാജയ)o


പ്രണയ(പരാജയ)o


MHന്‍റെ മുകളില്‍ കയറി അങ്ങ് പടിഞ്ഞാറ് LHന്‍റെ സൈഡില്‍ മറയുന്ന അസ്തമയ സൂര്യനെയും നോക്കി നിര്‍വികാരനായി ഇരിക്കുകയാണ് അജ്ഞാതന്‍. മനസില്‍ ഒരു കടലിരമ്പുകയാണ്..കാലം വ്യക്തമായി പറഞ്ഞാല്‍ മൂന്നാം സെമസ്റ്ററിന്‍റെ അവസാനമാണ്... ചങ്കില്‍ കുത്തുന്ന പോലെ ഏതോ ദ്രോഹിയുടെ മൊബൈലില്‍ നിന്ന്‍ ആ പാട്ട് ഒഴുകി വരുന്നു... “ആത്മ വിദ്യാലയമേ....”....അജ്ഞാതന്‍ ഓര്‍ത്തു...എവിടെ നിന്നാണ് ഇതൊക്കെ ആരംഭിച്ചത്‌......
മൂന്നാം സെമെസ്റ്റര്‍....സീനിയര്‍ ആയതിന്‍റെ അഹങ്കാരം...ആദ്യത്തെ ഓരൊന്നു രണ്ട് മാസം ശരിക്ക് ആസ്വദിച്ചു....ക്ലാസ്സില്‍ വല്ലപ്പോഴുമേ കയറാറുള്ളൂ..ജൂനിയര്‍ എത്തിയ വകയില്‍ റാഗിങ്ങും ആഘോഷിച്ച് നടക്കുകയായിരുന്നു..പിന്നെ ഇലക്ഷന്‍ കാമ്പയിനിംഗ്... കോളേജ് ഡേ...ഫ്രേഷേര്‍സ് ഡേ....ആര്‍ട്സ്‌,സ്പോര്‍ട്സ്‌....Strike.... അജ്ഞാതന്‍ ഇല്ലാതെ എന്താഘോഷം....ക്ലാസ്സ് മുറക്ക്‌ നടക്കുന്നുണ്ടെങ്കിലും അജ്ഞാതന്‍ വല്ലപ്പോഴുമൊക്കെയെ കയറാറുള്ളു ..സെമെസ്റ്റര്‍ അവസാനിക്കാനായപ്പോഴാണ് അജ്ഞാതനു ബോധോദയം ഉണ്ടായത്‌...അറ്റന്‍റനസ് വളരെ കുറവാണു...മര്യാദക്ക് ക്ലാസ്സില്‍ കയറിയില്ലെങ്കില്‍ condonationല്‍ ഒന്നും നില്‍ക്കൂല....ആങ്ങനെ year out ഭീതി കാരണം അജ്ഞാതന്‍ മര്യാദരാമനായി ക്ലാസ്സില്‍ കയറാന്‍ തുടങ്ങി...ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അവിടെ നിന്നാണ് എല്ലാം തുടങ്ങിയത്...ഒരു പ്രോഗ്രാമിംഗ് തിയറി ക്ലാസ്‌ ആണെന്നാണ്‌ ഓര്‍മ്മ..കുറെ കാലം കഴിഞ്ഞ് കയറിയതിനാല്‍ ടീച്ചര്‍ പറയുന്നത് ഒന്നും പ്രത്യേകിച്ച് മനസിലാവുന്നില്ല(അല്ലെങ്കിലും നമ്മള് മനസിലാവനല്ലല്ലോ ക്ലാസ്സില്‍ ഇരിക്കുന്നത്.. അറ്റന്‍റനസ് അതാണ് പ്രശ്നം). മിസ്സിന് ‘21’ എന്ന റോള്‍ നം ബോധിപ്പിച്ച് തിരിഞ്ഞപ്പോഴാണ് കണ്ണുകള്‍ തമ്മില്‍ പരസ്പരം ആദ്യമായി ഉടക്കിയത്...... ആളു ലാറ്ററല്‍ എന്‍ട്രി ആണ്..തന്നെ തന്നെയാണോ നോക്കുന്നത് എന്ന്‍ ഉറപ്പ്‌ വരുത്താന്‍ അജ്ഞാതന്‍ ഒന്ന് കൂടി തിരിഞ്ഞ് നോക്കി.പണ്ടാരാണ്ടോ പറഞ്ഞപോലെ “ദേണ്ടാ അവള് നിന്നെ നോക്കുന്നു...” അജ്ഞാതന്‍റെ നോട്ടം കണ്ടപ്പോള്‍ അവള്‍ ഒന്ന് ചിരിച്ചു... “മോനെ മനസ്സില്‍ ലഡു പൊട്ടി” ....മനസ്സില്‍ ഒരു ഇളയരാജ സംഗീതം ഇതള്‍ വിടര്‍ന്നു.... അജ്ഞാതന്‍ ഒരു ഡ്യുവറ്റ് സ്വപ്നത്തിലേക്ക് വഴുതി വീണു. സോങ്ങിനിടക്ക് വില്ലന്‍റെ അപ്പിയറന്‍സ് പോലയിരുന്നു മിസ്സിന്‍റെ question.. “what is the diff b/w do while and if ?”...ഇളയ രാജ മ്യുസിക് കേട്ട് കൊണ്ട് നിക്കുന്നവനെന്ത്‌ do while..എന്ത് if...എഴുനേറ്റ്‌ നിന്നു അറിയില്ലെന്ന്‍ തലയാട്ടി.മിസ്സ്‌ വയറു നിറച്ച് തന്നു എന്ന്‍ പ്രത്യേകിച്ച് പറയണ്ടല്ലോ... “നിനക്കൊക്കെ വല്ലപ്പോഴും ക്ലാസ്സില്‍ കയറിക്കൂടെ...അതെങ്ങനാ s3 ആയാല്‍ പിന്നെ സീനിയറായി എന്ന അഹങ്കാരമല്ലേ..” ഇങ്ങനെ എന്തൊക്കെയോ ആയിരുന്നു എന്ന്‍ തോന്നുന്നു.അജ്ഞാതന്‍ ഇടം കണ്ണിട്ട് അവളെ നോക്കി,അവള്‍ ചിരിക്കുന്നുണ്ട്.... അജ്ഞാതന്‍റെ മനസ്സില്‍ വീണ്ടും ഇളയരാജ സംഗീതം...ആ നോട്ടം പിന്നേം രണ്ട് മൂന്നു ദിവസം നീണ്ടു നിന്നു..പക്ഷെ ഒരു പ്രശ്നം ലാറ്ററല്‍ എന്‍ട്രി ആയതിനാല്‍ അധികം കണ്ടിട്ടില്ല,പേര് അറിയില്ല....കാരണം വെറൊന്നുമല്ല നേരത്തെ പറഞ്ഞല്ലോ....ക്ലാസ്സ്‌ തുടങ്ങിയ കാലത്തൊന്നും ആ വഴിക്ക്‌ പോയിട്ടില്ല..അത് കൊണ്ട് 2nd yearല്‍ രംഗ പ്രവേശനം ചെയ്ത കക്ഷിയുടെ പേരും അറിയില്ല..പിന്നെ ഫ്രണ്ട്സിനോട്‌ ചോദിക്കാമെന്ന് വെച്ചാല്‍ സ്വന്തം ക്ലാസ്സിലെ പെണ്‍കുട്ടിയുടെ പേര് അറിയില്ലെന്ന് പറയുന്നത് മോശമല്ലേ..പിന്നെ അവന്മാര് എന്തെങ്കിലും കിട്ടാന്‍ കാത്തു നില്‍ക്കുന്ന ടീമാ.... “ഇളയരാജയെ ഒടച്ച് കയ്യില്‍ തരും”.... അതോണ്ട് ആ പരിപാടി വേണ്ടെന്ന്‍ വെച്ചു.... പിന്നെ എല്ലാ ദിവസവും ക്ലാസ്സില്‍ മുറക്ക്‌ അറ്റന്ന്ന്‍റ് ചെയ്യാന്‍ തുടങ്ങി...രണ്ടുണ്ട് കാര്യം ഒന്ന് അറ്റന്‍റനസ് രണ്ട് ആ കണ്ണുകള്‍...ദിവസവും വിചാരിക്കും കയറി മുട്ടിയാലോ എന്ന് പക്ഷെ എന്താ പറയാ...ങാ “ഗട്ട്സ്”ഏ അതിത്തിരി കുറവായിരുന്നു...
അങ്ങനെ ഒരു സ്വപ്ന സഞ്ചാരിയായി വിരാജിക്കുമ്പോഴാണ് അവള്‍ അജ്ഞാതന്‍റെ അടുത്തേക്ക്‌ വന്നത്...ലാസ്റ്റ്‌ അവര്‍ ക്ലാസ്സ്‌ കഴിഞ്ഞ് പുറത്തിറങ്ങി ഒറ്റക്ക് നടക്കാന്‍ തുടങ്ങുമ്പോള്‍....പുറകില്‍ നിന്നൊരു വിളി “Hello..” അജ്ഞാതന്‍ തിരിഞ്ഞു നോക്കി..അവള്‍ അടുത്തേക്ക്‌ വന്നു...ഒറ്റക്കാണ്...
ബാഗില്‍ നിന്നു ഒരു കവര്‍ നീട്ടി “കല്യാണമാണ് അടുത്ത 15നു എന്തായാലും വരണം...ഇയാളുടെ പേര് ശരിക്കറിയില്ല ക്ലാസ്സില്‍ അധികം കണ്ടിട്ടില്ലലോ,അതോണ്ടാണ്..ഫ്രണ്ട്സിനോട് ചോദിക്കാനും മടി സ്വന്തം ക്ലാസ്സ്‌മേയ്റ്റിന്‍റെ പേരറിയില്ലെന്നു പറയാന്‍ ഒരു മടി..അതോണ്ടാട്ടോ കവറില്‍ പെരെഴുതാത്തത്...ഇയാളുടെ പേര് എന്താ..?”....
അജ്ഞാതന്‍ നിര്‍വികാരനായി തന്‍റെ പേര് മൊഴിഞ്ഞു  “അജ്ഞാതന്‍(!!!)”....
അവള്‍ തുടര്‍ന്നു “So Mr. അജ്ഞാതന്‍,കല്യാണത്തിനു എന്തായാലും വരണം കേട്ടോ..”...അവള്‍ നടന്നകന്നു...... വികാരക്ഷുഭ്തമായ ഒരു മനസ്സുമായി ആ പോക്ക് നോക്കി നില്ക്കാനെ അജ്ഞാതനു കഴിഞ്ഞുള്ളൂ.അജ്ഞാതന്‍ മനസ്സില്‍ ശപിച്ചു ക്ലാസ്സില്‍ കയറാത്ത ആ ദിവസങ്ങളെ,ലാറ്ററല്‍ എന്‍ട്രി സിസ്റ്റത്തെ,ഒടുക്കത്തെ ആ ചോദ്യത്തെ “സ്വന്തം ക്ലാസ്സ്‌മേയ്റ്റിന്‍റെ പേരറിയില്ലെന്നു പറയാന്‍ ഒരു മടി” എല്ലാത്തിനുമുപരി “പേര് എന്ന സത്വത്തെ, പിന്നെ “ഒരു പേരിലെന്തിരിക്കുന്നു”എന്ന് ചോദിച്ച സകലരെയും...”...
LHന്‍റെ സൈഡില്‍ സൂര്യന്‍ പൂര്‍ണ്ണമായി മറഞ്ഞിരുന്നു.ഇരുള്‍ വീണു തുടങ്ങിയിരിക്കുന്നു. മെസ്സിനുള്ളില്‍ ബഹളം ആരംഭിച്ചിട്ടുണ്ട്.കയ്യില്‍ ആ അഡ്രെസ്സ് ഇല്ലാത്ത കല്യാണ കത്തുമായി ഇരിക്കുന്ന അജ്ഞാതന്‍റെ മനസ്സില്‍ ക്ലാസ്സ്മേറ്റ്സിലെ ആ ഡയലോഗ് ഓടിയെത്തി “അളിയാ പഴംതുണി ഇപ്പൊ സുഷമയെ മാത്രമേ നിനക്ക് കിട്ടതിരുന്നുള്ളു ഇനിയും വയ്കിയാല്‍ ഫുഡും കിട്ടില്ല വേഗം വന്ന്‍ വലതും ഞണ്ണാന്‍ നോക്ക്”
അജ്ഞാതന്‍ ചാടിയിറങ്ങി റൂമില്‍ പോയി പ്ലേറ്റും എടുത്ത്‌ മെസ്സിലെക്ക് നടന്നു....എവിടെ നിന്നോ ലാലേട്ടന്‍റെ “പ്രണയം” സിനിമയിലെ ഒരു ഗാനം അജ്ഞാതന്‍റെ കാതുകളിലേക്ക് ഒഴുകിയെത്തി.......

Life in a mEtRo

Life in a mEtRo,Lost in crowd....enriched by my buddiez....an ousted sEa click...

Tuesday, July 3, 2012

ഉസ്താദ് ഹോട്ടല്‍


ജീവിതത്തിന്‍റെ രുചികൂട്ടുകളുമായി “ഉസ്താദ് ഹോട്ടല്‍” 


3 വര്‍ഷത്തെ ഇടവേളക്ക് ശേഷം അന്‍വര്‍ റഷീദ്‌ എന്ന സംവിധായകന്‍ മടങ്ങിയെത്തിയിരിക്കുന്നു,ഉസ്താദ് ഹോട്ടല്‍ എന്ന സിനിമയുമായി.
അന്‍വര്‍ റഷീദ്‌
 “ന്യൂ ജെനറേഷന്‍ സിനിമ(???)” എന്ന് നാം ഓമന പേരിട്ടു വിളിക്കുന്ന മലയാളത്തിലെ മാറ്റത്തിന്‍റെ വഴിക്ക് തന്നെയാണ് താനും എന്ന് പറഞ്ഞ കൊണ്ട്.രാജമാണിക്യം,ഛോട്ടാ മുംബൈ,അണ്ണന്‍ തമ്പി എന്നീ ചിത്രങ്ങളിലൂടെ ഹിറ്റ്‌ മേയ്കര്‍ അയ അന്‍വര്‍ റഷീദ്‌ന്‍റെ മറ്റൊരു മുഖമായിരുന്നു “കേരള കഫെ” എന്ന സിനിമാ സംഗമത്തിലെ “ബ്രിഡ്ജ്” എന്ന ചിത്രം കാണിച്ചു തന്നത്.അദേഹം അഞ്ജലി മേനോന്‍(മഞ്ചാടിക്കുരു) എന്ന എഴുത്തുകാരിയുടെ തിരക്കഥയുമായി എത്തുമ്പോള്‍,അതും “സെക്കന്റ്‌ ഷോ”വിലൂടെ എത്തിയ താര പുത്രന്‍ ദുല്ഖര്‍ സല്‍മാന്‍ന്‍റെ ഒപ്പം അത്ഭുതങ്ങള്‍ പ്രതീക്ഷിതമാണ്. ആ പ്രതീക്ഷകള്‍ ഒട്ടും തെറ്റി പോകുന്നില്ലെന്നതാണ് സത്യം.ലിസ്റ്റിന്‍ സ്റീഫന്‍(ട്രാഫിക്‌,ചാപ്പ കുരിശ്)എന്ന യുവ നിര്‍മാതാവ് വീണ്ടും മറ്റൊരു ട്രെന്‍ഡ് സെറ്റെര്‍ സൃഷ്ടിക്കുകയാണ്.
ലിസ്റ്റിന്‍ സ്റ്റീഫന്‍
അഞ്ജലി മേനോന്‍
   ഫൈസി(ദുല്ഖര്‍) എന്ന കേന്ദ്ര കഥാപാത്രത്തിന്‍റെ ജീവിതമാണ് കരീമ്ക്കെടെ(തിലകന്‍റെ) ഉസ്താദ് ഹോട്ടലിലൂടെ അഞ്ജലി മേനോന്‍ എന്ന എഴുത്തുകാരി പറയുന്നത്.കോഴിക്കോടന്‍ ഭാഷയെ വളരെ കൈയടക്കത്തോടെ ഉപയോഗിച്ചിരിക്കുന്നു എന്നത് എടുത്ത് പറയേണ്ട കാര്യമാണ്.ഫൈസി എന്ന നമ്മുടെ കേന്ദ്ര കഥാപാത്രം കരീമ്ക്കെടെ കൊച്ചു മകനാണ്,റസാക്ക്‌(സിദ്ദിക്ക്) എന്ന ബിസ്നസ്കാരന്‍റെ മകന്‍,4 പെങ്ങമാരുടെ ഒരേ ഒരു ആങ്ങള.ബാപ്പയെ പറ്റിച്ച് M.B.Aക്ക് പകരം ഷെഫ്‌ പഠനത്തിനു പൊയ് നാട്ടിലെത്തുന്ന ഫൈസി ചില കാരണങ്ങളാല്‍ അവന്‍റെ ബാപ്പയോട് പിണങ്ങി തന്‍റെ ഉപ്പുപ്പയുടെ ഉസ്താദ്‌ ഹോട്ടലില്‍ എത്തുന്നു.തുടര്‍ന്നുണ്ടാവുന്ന ജീവിതത്തിന്‍റെ രുചികൂട്ടുകളാണ് കഥാസാരം.
ദുല്ഖര്‍ സല്‍മാന്‍
 ചിത്രത്തിലെ star cast എടുത്ത്‌ പറയേണ്ടതാണ്‌,കൂട്ടത്തില്‍ ദുല്ഖറിന്‍റെയും തിലകന്‍റെയും അഭിനയവും.ഓര്‍ത്തഡോക്സ് ചുറ്റുപാടുകളില്‍ നിന്ന് പുറത്ത്‌ ചാടാന്‍ ശ്രമിക്കുന്ന നായിക കഥാപാത്രത്തിലൂടെ നിത്യാ മേനോന്‍ ഒരിക്കല്‍ കൂടി തന്‍റെ കഴിവ്‌ തെളിയിക്കുന്നു.കോഴിക്കോടന്‍ സ്പെഷ്യല്‍ ബിരിയാണിയും,പ്രണയത്തിന്‍റെ “വാതിലില്‍ ആ വാതിലില്‍” നിറയുന്ന സുലൈമാനിയും വെറും രുചിക്കൂട്ടുകള്‍ മാത്രമല്ല ജീവിതത്തിന്‍റെ രസക്കൂട്ടുകള്‍ കൂടിയാണെന്ന് ചിത്രം പറയുന്നു.ആകാശങ്ങള്‍ മാത്രം സ്വപ്നം കാണാന്‍ കൊതിക്കുന്ന യുവത്വത്തിനു നേരെ ജീവിതത്തിന്‍റെ മറ്റൊരു മുഖം ഉണ്ടെന്നു മനസിലാക്കി കൊടുത്ത്‌ കൊണ്ടാണ് സിനിമ അവസാനിക്കുന്നത്.

കണ്ടു മടുത്ത ഫാമിലി മൂവികളില്‍ നിന്നും വ്യത്യസ്തമായ ഫ്രെഷ്നെസ്സ് തുളുമ്പുന്ന വിഷ്വല്‍സ് ആണ് ചിത്രം മുഴുവനും.കോഴിക്കോടിനെ അതിന്‍റെ എല്ലാ നിറങ്ങളോടും ലോകനാഥന്‍ എന്ന ക്യാമറമാന്‍ ചിത്രത്തില്‍ പകര്‍ത്തിയിരിക്കുന്നു. സാഹോദര്യത്തിന്റെ സൂഫി വക്താക്കലായ ഖവാലികളുടെ ദൃശ്യങ്ങളും ചിത്രത്തെ കൂടുതല്‍ മനോഹരമാക്കുന്നു. ആനന്ദന്‍ന്‍റെ ആര്‍ട്ട്‌ ഡയറക്ഷനും എടുത്ത് പറയേണ്ടതാണ്‌,കാരണം അത്രയും മനോഹരമായാണ് ഉസ്താദ് ഹോട്ടലിന്‍റെ സെറ്റ് ചിത്രത്തില്‍ വരുന്നത്. “അപ്പങ്ങള്‍ എമ്പാടും” എന്നാ ഫോല്ക് ഫ്യൂഷനും ആയി എത്തുന്ന “കല്ലുമ്മക്കായ” എന്ന ബാന്‍ഡും സിനിമയില്‍ യൂത്നെസ്സ് നിറക്കുന്നു.കണ്ട് മടുത്ത “ഹാര്‍ട്ട്‌ അറ്റാക്ക്‌” സീനുകളില്‍ പോലും നര്‍മ്മം കണ്ടെത്താന്‍ എഴുത്തുകാരി ശ്രമിച്ചിട്ടുണ്ട്.
In Location
കഥാന്ത്യത്തോടടുക്കുമ്പോ പക്ഷെ ശക്തമായൊരു വിഷയം പറയുകയാണെങ്കില്‍ പോലും അവിടങ്ങളില്‍ ഒരല്പം ഇഴച്ചില്‍ അനുഭവപ്പെടുന്നതായി തോന്നും.അവസാന നിമിഷം സിദ്ദിക്ക് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ സ്വഭാവത്തിലുള്ള  നിമിഷ നേരം കൊണ്ടുള്ള മാറ്റവും വിശ്വാസ യോഗ്യമല്ലെന്ന് പറയേണ്ടി വരും.എങ്കിലും നമ്മളില്‍ നിന്ന് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന നന്മയുടെ രുചിക്കൂട്ടുകളെ ഉസ്താദ്‌ ഹോട്ടല്‍ ഓര്‍മ്മിപ്പിക്കുക തന്നെ ചെയ്യും.അജ്മീര്‍ മരുഭൂമിയിലെ മഴപോലെ നന്മയുടെ കണങ്ങള്‍ ഭൂമിയില്‍ ഇപ്പോഴും അവശേഷിക്കുന്നു എന്ന ഓര്‍മ്മ പെടുത്തലിലാണ് സിനിമ അവസാനിക്കുന്നത്.
Chithrakkutt suggests : MUST WATCH.






cast and crew
Starring   : Dulquer Salmaan, Nithya Menon 
Director  : Anwar Rasheed
Genre(s) : Comedy,Drama,Romance,Sport 
Banner : Magic Frames
Producer : Listin Stephen
Story,Script,Screenplay : Anjali Menon
Cinematography : Lokanathan
Editor : Mahesh Narayanan
Art Director - Anandan , Makeup - Jayesh Piravam , , Costume Designer - Sameera Sanish , Production Control - Sanju Vaikom , Associate Director - Marthandan , Lyrics - Rafeeq Ahmed , Music Director - Gopi Sundar , Stills - Martin Prakkat , Designs - Old Monks , Assistant Director - Salaam Bukhari , Vinod. A.G ,