Thursday, June 22, 2006

ഇനിയെന്തുണ്ട്‌ ബാക്കി

മരണ കാഹളം മുഴക്കുന്ന എണ്ണപാടങ്ങള്‍
ചോരയും നീരും വറ്റിയ മാംസതെരുവുകള്‍
രാക്ഷസത്തിര തിന്ന തീരങ്ങള്‍
ഇവ ഒരേ സ്വരത്തില്‍ ചോദിക്കുന്നു
"ഇനിയെന്തുണ്ട്‌ ബാക്കി"


പായ്ക്കറ്റുഫുഡിന്‍ കവറിനുമുന്നില്‍
അന്തകവിത്തിന്‍ കോന്തലയില്‍-
തൂങ്ങുന്ന കര്‍ഷകന്‍ ചോദിക്കുന്നു
"ഇനിയെന്തുണ്ട്‌ ബാക്കി"


സൂപ്പര്‍ടെക്‌ സിറ്റികള്‍ക്കിപ്പുറം വരണ്ട
നെല്‍പാടങ്ങള്‍ക്കിടയില്‍ ഒരു മണ്ടൂകം മൂളിടുന്നു
അരികിലെ കടയിലെ കറുത്ത പാനീയത്തിലകപ്പെട്ട
പുഴുഎന്തോ ചോദിച്ചു.. തുറന്നു നുര പൊട്ടി
പതഞ്ഞിരുന്നെങ്കില്‍ അതും ഞാന്‍ കേള്‍ക്കുമായിരുന്നു
"ഇനിയെന്തുണ്ട്‌ ബാക്കി"


ഒന്നാം തീയതി മിസ്സായതുകിട്ടാന്‍
ഗാന്ധി നോട്ടുമായി പായുന്നവനു
മുന്നിലൊരുവന്‍ കൈനീട്ടുന്നു
ബ്യുട്ടി കൊണ്ടെസ്റ്റില്‍ ക്യാറ്റ്‌ വാക്കു
നടത്തും കൊച്ചമ്മ മാര്‍ക്കിപ്പുറം
കുപ്പയിലൊരുവള്‍ അരവയര്‍ തേടുന്നു

കാത്തിരിപ്പിന്‍ മണം നിറയും വൃദ്ധ-
സദനങ്ങളില്‍നിന്നകന്ന് മാതൃത്വത്തിന്‍
കനവും നനവും ഫീഡ്ബോട്ടിലുകള്‍ പൊഴിക്കുന്നു

പുഴയില്ല,മഴയില്ല,കാടില്ല
വിഷു പക്ഷിതന്‍ പാട്ടില്ല
ചോര പുരണ്ട ഖദറുമായ്‌
ഗാന്ധി പ്രതിമ ചോദിക്കുന്നു
"ഇനിയെന്തുണ്ട്‌ ബാക്കി"


ആകാശത്തില്‍ കഴുകന്‍ പറക്കുന്നു
ചുവപ്പും വെള്ളയും നീലയും കലര്‍ന്ന്
നക്ഷത്ര കണ്ണുള്ള കഴുകന്‍
അവന്‍ അഗോളഗ്രാമ(നഗര?)സന്തതി


കുരുക്ഷേത്രങ്ങള്‍ ഉണ്ടാവുന്നു
ഉണ്ടാക്കപ്പെടുന്നു ,
പക്ഷെ ഒരു ശരശയ്യയെയൊ
ഒരു വിദുരരെയൊ ഞാന്‍ കണ്ടില്ല


ആയിരം സൂര്യതേജസ്സില്‍ തകറ്‍ന്ന
പാറ്‍പ്പിടം നോക്കി
ബോധി വൃക്ഷത്തിന്‍ അവസാന
വേരും മുറിയുന്നതുകണ്ട്‌
ഒരഭയാര്‍ഥി ചോദിക്കുന്നു
"ഇനിയെന്തുണ്ട്‌ ബാക്കി"


ഇനി...ഇനിയെന്തുണ്ട്‌ ബാക്കി...
വരുമായിരിക്കും;
ഒരു പുതിയ മാവേലി നാട്‌;
ഒരു പുതിയ ആര്‍ദ്ധനഗ്ന ഫക്കീര്‍
അതുവരെ രണ്ടുതുള്ളി കണ്ണീര്‍മാത്രം
നമുക്ക്‌ ബാക്കിവെക്കാം....